02:27pm 19 October 2026
NEWS
വാഹനങ്ങളുടെ പുക പരിശോധനയിൽ സമ​ഗ്ര പരിഷ്കാരം വരുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇനിമുതൽ പണികിട്ടും
19/10/2026  12:15 PM IST
nila
വാഹനങ്ങളുടെ പുക പരിശോധനയിൽ സമ​ഗ്ര പരിഷ്കാരം വരുന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഇനിമുതൽ പണികിട്ടും

വാഹനങ്ങളുടെ മലിനീകരണ പരിശോധനാ രീതിയിൽ സമഗ്രമായ മാറ്റത്തിനൊരുങ്ങി കേന്ദ്രസർക്കാർ. ഇനി മുതൽ വാഹനങ്ങളിൽനിന്നുള്ള പുകയുടെ അളവ് മാത്രമല്ല, ബ്രേക്ക് ഉപയോഗിക്കുമ്പോഴും ടയറുകൾ തേയുമ്പോഴും ഉണ്ടാകുന്ന മലിനീകരണവും പരിശോധിക്കും. ഇലക്ട്രിക് വാഹനങ്ങളുടെയും പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളുടെയും ബാറ്ററി ശേഷിയും പരിശോധനയുടെ ഭാഗമാകും. 2029 ഏപ്രിൽ മുതൽ ഘട്ടംഘട്ടമായി നടപ്പാക്കാൻ നിർദേശിക്കുന്ന ഭാരത് സ്റ്റേജ് ഏഴ് (ബിഎസ്-VII) മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളുടെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ.

റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ കരട് ഗസറ്റ് വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ വാഹന മലിനീകരണ നിയന്ത്രണ സംവിധാനത്തിൽ നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് നിർദിഷ്ട മാനദണ്ഡങ്ങൾ. യൂറോപ്യൻ രാജ്യങ്ങളിൽ നിലവിലുള്ള യൂറോ 7 ചട്ടക്കൂടിനോട് സാമ്യമുള്ളതാണ് ബിഎസ്-VII മാനദണ്ഡങ്ങൾ.

പുതിയ നിയമങ്ങൾ നടപ്പിലാകുന്നതോടെ വാഹനങ്ങളുടെ മലിനീകരണ പരിശോധന കൂടുതൽ കർശനമാകും. പരിശോധനയ്ക്കിടെ പുകയുടെ അളവ് മാത്രം വിലയിരുത്തുന്ന നിലവിലെ രീതിക്കു പകരം, വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉണ്ടാകുന്ന മലിനീകരണവും നിയന്ത്രണ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും പരിശോധിക്കും.

ബാറ്ററിയുടെ ശേഷിക്കും മാനദണ്ഡം

ഇലക്ട്രിക് വാഹനങ്ങളുടെയും പ്ലഗ്-ഇൻ ഹൈബ്രിഡ് വാഹനങ്ങളുടെയും ബാറ്ററികൾ എത്രകാലം കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നതും പുതിയ മാനദണ്ഡങ്ങൾ പ്രകാരം വിലയിരുത്തും. ബാറ്ററി നിർമാതാക്കൾ പാലിക്കേണ്ട കുറഞ്ഞ ശേഷി സംബന്ധിച്ച വ്യവസ്ഥകളും കരടിൽ നിർദേശിച്ചിട്ടുണ്ട്.

അഞ്ചുവർഷം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ പിന്നിടുന്നതുവരെ ബാറ്ററിയുടെ യഥാർഥ ശേഷിയുടെ കുറഞ്ഞത് 75 ശതമാനമെങ്കിലും നിലനിർത്തണം. എട്ടുവർഷം അല്ലെങ്കിൽ 1.6 ലക്ഷം കിലോമീറ്റർ വരെ ശേഷി കുറഞ്ഞത് 67 ശതമാനമെങ്കിലും ഉണ്ടായിരിക്കണമെന്നാണ് നിർദേശം.

ടയർ തേയ്മാനവും മലിനീകരണത്തിന്റെ ഭാഗം

വാഹനങ്ങളുടെ ടയറുകൾ തേയുന്നതിലൂടെ പുറത്തുവരുന്ന കണികകൾ പരിസ്ഥിതിക്ക് മലിനീകരണമുണ്ടാക്കുന്ന ഘടകങ്ങളിലൊന്നാണ്. പുതിയ മാനദണ്ഡങ്ങളിൽ ടയർ തേയ്മാനവുമായി ബന്ധപ്പെട്ട മലിനീകരണം നിയന്ത്രിക്കുന്നതിനും പ്രത്യേക വ്യവസ്ഥകളുണ്ടാകും. അതുപോലെ, ബ്രേക്കിങ് സമയത്ത് ഉണ്ടാകുന്ന കണികാ മലിനീകരണവും വിലയിരുത്തും. പുക പുറന്തള്ളാത്ത ഇലക്ട്രിക് വാഹനങ്ങൾക്കും ഇത്തരം മലിനീകരണ നിയന്ത്രണങ്ങൾ ബാധകമാകുന്നതോടെ വാഹനങ്ങളുടെ പരിസ്ഥിതി ആഘാതം കൂടുതൽ സമഗ്രമായി കണക്കാക്കാൻ കഴിയും.

ഉപയോഗശേഷം ഉപേക്ഷിക്കുന്ന ടയറുകളുടെ പുനരുപയോഗവും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത രീതിയിലുള്ള സംസ്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഇതോടൊപ്പം പരിഗണനയിലുണ്ട്. പുതിയ ടയറുകളുടെ വിൽപ്പനയിൽ പ്രത്യേക തുക ഈടാക്കി പഴയ ടയറുകളുടെ ശേഖരണത്തിനും പുനരുപയോഗത്തിനും സംസ്കരണത്തിനും വിനിയോഗിക്കുന്ന ടയർ ലെവി സംവിധാനം കാനഡ, യുഎസ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിലവിലുണ്ട്.

വാഹനത്തിന്റെ ഉപയോഗകാലത്തും പരിശോധന

വാഹനം നിരത്തിലിറങ്ങുന്ന സമയത്തെ പരിശോധനയിൽ മാത്രം ഒതുങ്ങുന്നതല്ല പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യം. വാഹനത്തിന്റെ ഉപയോഗകാലം മുഴുവൻ മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും നടപ്പിലാക്കാനാണ് നീക്കം.

പുതിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ മലിനീകരണ പരിശോധനയിലെ ക്രമക്കേടുകൾ തടയാനും വാഹനങ്ങളുടെ യഥാർഥ പരിസ്ഥിതി ആഘാതം വിലയിരുത്താനും കഴിയുമെന്നാണ് പ്രതീക്ഷ. നിലവിൽ കരട് വിജ്ഞാപനത്തിലുള്ള നിർദേശങ്ങൾ അന്തിമ ചട്ടങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി പരിഗണിക്കപ്പെടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img